District News
നിലന്പൂർ: മന്പാട് കോളജ് റോഡിൽ നിയന്ത്രണംവിട്ട് ഇലക്ട്രിക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മന്പാട് പുല്ലോട് സ്കൂളിന് സമീപത്തെ നാലുകുടിപറന്പിൽ അബ്ദുള്ള കോയ (66) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 9.30 തോടെയാണ് അപകടം. കോളജ് കുട്ടികളെ ഇറക്കിയശേഷം മടങ്ങിവരുന്പോഴാണ് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് അപകടമുണ്ടായത്.
ഗുരുതര പരിക്കേറ്റ അബ്ദുള്ളകോയയെ നിലന്പൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ഖദീജ. മക്കൾ: ലാമിയ. ലാന.
District News
നിലന്പൂർ: ഓട്ടോറിക്ഷയുടെ പിറകിൽ ഇന്നോവ കാർ ഇടിച്ച് തെറിച്ചുവീണ ഓട്ടോ ഡ്രൈവർ മരിച്ചു. ചന്തക്കുന്ന് സ്വദേശി പാറാതൊടിക സുൽഫിക്കർ (നാണി-53) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 6.45ന് മുക്കട്ട റെയിൽവേ സ്റ്റേഷൻ റോഡിൽ ചാലിയാർ ആശുപത്രിക്ക് സമീപമാണ് അപകടം. സുൽഫിക്കർ നിലന്പൂരിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് യാത്രക്കാരനുമായി പോകുന്പോഴാണ് കരിപ്പൂർ എയർപോർട്ടിൽ നിന്ന് മടങ്ങി തൊണ്ടിഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ ഓട്ടോറിക്ഷയുടെ പിറകിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ വൈദ്യുത തൂണിൽ തട്ടി സുൽഫിക്കർ റോഡിലേക്ക് വീഴുകയായിരുന്നു. സുൽഫിക്കർ സംഭവ സ്ഥലത്ത് വച്ചു മരിച്ചു. നിസാര പരിക്കേറ്റ ഓട്ടോ യാത്രക്കാരന് നിലന്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകി. സുൽഫിക്കറിന്റെ ഭാര്യ: ജിൻഷ. മക്കൾ: മനു, ബിച്ചു, ചിഞ്ചു.
Kerala
കല്ലടിക്കോട് (പാലക്കാട്): ദേശീയപാത കാഞ്ഞികുളം ചേലപ്പാറ അയ്യപ്പൻകാവിനു സമീപം നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു. കാഞ്ഞികുളം ചേലപ്പാറ വിശ്വനാഥൻ (63) ആണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ചെക്ക് പോസ്റ്റിൽനിന്നു തത്രംകാവിലേക്കു യാത്രക്കാരുമായി പോകുകയായിരുന്നു ഓട്ടോ. അയ്യപ്പൻകാവിനു സമീപമെത്തിയപ്പോൾ നായ കുറുകെ ചാടിയതോടെ നിയന്ത്രണംവിട്ട ഓട്ടോ റോഡിൽ മറിഞ്ഞു.
അപകടത്തിൽ വിശ്വനാഥന്റെ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഓട്ടോറിക്ഷയിലെ യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വിശ്വനാഥന്റെ ഭാര്യ: സുമതി. മക്കൾ: വിപിൻ, വിഷ്ണു (പോലീസ്).